ഒഡിഷയിലെ ഹോസ്റ്റലിൽ വിദ്യാർഥികളുടെ കണ്ണുകൾ സഹപാഠികൾ പശയൊഴിച്ച് അടച്ചു. എട്ട് കുട്ടികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലുള്ള ഹോസ്റ്റലിലാണ് സംഭവം. 3, 4, 5 ക്ലാസുകളിലെ വിദ്യാർഥികളാണ് കൺ പോളകൾ തുറക്കാനാകാതെ ചികിത്സയിൽ കഴിയുന്നത്.
കാണ്ഡമാലിലെ സലഗുഡയിലുള്ള സേവാശ്രമം സ്കൂളിന്റെ ഹോസ്റ്റലിലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദ്യാർഥികൾ ഉറങ്ങിക്കിടക്കുമ്പോൾ സഹപാഠികൾ പ്രാങ്ക് ചെയ്യാമെന്ന് പറഞ്ഞ് കണ്ണിനു മുകളിൽ പശയൊഴിക്കുകയായിരുന്നു. വേദനയും അസ്വസ്ഥതയും കാരണം കുട്ടികൾ ഉണർന്നു. എന്നാൽ കൺപോളകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വിദ്യാർഥികൾ.
വിദ്യാർഥികളുടെ നിലവിളി കേട്ട് ഹോസ്റ്റൽ അധികൃതർ എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക പരിചരണത്തിനായി വിദ്യാർഥികളെ ഫുൽബാനിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി ആശുപത്രി വിട്ടു. മറ്റ് ഏഴ് കുട്ടികൾ നിരീക്ഷണത്തിലാണ്. ജില്ലാ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാര്‍ഥികൾക്ക് ചികിത്സ നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒട്ടിപ്പിടിച്ചിരുന്ന കൺപോളകൾ വേർപെടുത്താൻ ഡോക്ടർമാർ ശ്രദ്ധാപൂർവ്വം ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പശ ഒഴിച്ചതിനാൽ കണ്ണുകൾക്ക് കാര്യമായ തകരാർ സംഭവിക്കാൻ സാധ്യതയുള്ളതായി ഡോക്ടർമാർ പറഞ്ഞു. കൃത്യ സമയത്ത് പരിചരണം നൽകാനായതിനാൽ പൂർണമായും കാഴ്ചശക്തി നഷ്ടപ്പെടുന്നത് തടയാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
സേവാശ്രമം സ്കൂളിന്റെ ഹെഡ് മാസ്റ്റർ മനോരഞ്ചൻ സനുവിനെ അശ്രദ്ധയുടെ പേരിൽ ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
































