പുറമെ നോക്കിയാൽ സ്വകാര്യ സ്‌കൂൾ, അകത്ത് മുറിക്കുള്ളിൽ ഉടമയുടെ മയക്കുമരുന്ന് നിർമാണ ശാല; ഹൈദരാബാദിൽ വൻ മയക്കുമരുന്ന് വേട്ട

Advertisement

ഹൈദരാബാദ്: സ്വകാര്യ സ്‌കൂളിൽ പ്രവർത്തിക്കുന്ന നിരോധിത മയക്കുമരുന്നായ ആൽപ്രാസോലം നിർമാണ യൂണിറ്റ് അടച്ചുപൂട്ടി. ഹൈദരാബാദിലെ ബോവൻപള്ളിയിൽ പ്രവർത്തിക്കുന്ന മേധ സ്‌കൂളിലാണ് സംഭവം. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന്, പണം, മയക്കുമരുന്ന് നിർമാണത്തിനുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. ഹൈദരാബാദിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവത്തിൽ മഹബൂബ് നഗർ സ്വദേശിയും മേധ സ്കൂൾ ഉടമയുമായ മലേല ജയ പ്രകാശ് ഗൗഡ അറസ്റ്റിലായി. ഇയാളാണ് മയക്കുമരുന്ന് നിർമാണശാലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

മയക്കുമരുന്ന് നിർമാണത്തിന് പിന്നിൽ കൂടുതൽ പ്രതികൾ?

ആൽപ്രാസോലം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഫോർമുലയും പ്രക്രിയയും തയ്യാറാക്കിയത് ഗുരുവറെഡ്ഡിയെന്ന മറ്റൊരു വ്യക്തിയാണെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയപ്രകാശും ഗുരുവറെഡ്ഡിയും പരസ്പര പങ്കാളിത്തതോടെയാണ് കച്ചവടം മുന്നോട്ട് കൊണ്ടുപോയത്. ആദ്യ ഘട്ടത്തിൽ സ്‌കൂളിന് പുറത്ത് നടത്തിയ നിർമാണം പിന്നീട് ഉയർന്ന ലാഭം കിട്ടിത്തുടങ്ങിയതോടെ സ്‌കൂളിനകത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് മാറ്റുകയായിരുന്നു.

ഹൈദരാബാദിനടുത്ത് ബൂത്ത്പൂരിലെയും മഹബൂബ്നഗർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമാണ് ആൽപ്രാസോലം മരുന്നുകൾ വിതരണം ചെയ്തത്. കള്ള് ഷാപ്പുകൾ കേന്ദ്രീകരിച്ചാണ് ഇവ വിറ്റത്. സ്‌കൂളിൽ നടത്തിയ പരിശോധനയിൽ 3.5 കിലോഗ്രാം ആൽപ്രാസോലം ഗുളികകൾ കണ്ടെത്തി. 4.3 കിലോഗ്രാം സെമി-പ്രോസസ്‌ഡ് ഗുളികകളും, അസംസ്കൃത വസ്തുക്കളും, നിർമ്മാണ ഉപകരണങ്ങൾ, 21 ലക്ഷം രൂപയും കണ്ടെത്തി. മയക്കുമരുന്ന് ഉൽപ്പാദനത്തിലും വിതരണത്തിലും ഉൾപ്പെട്ട കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർക്കായി വല വിരിച്ചിട്ടുണ്ട്. ഉടനെ ഇവരെല്ലാം പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

Advertisement