ഐസ്വാള്‍.ഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ ഇടംപിടിച്ച് മിസോറാം.മിസോറാമിൽ അടിസ്ഥാന സൗകര്യ, റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു.മിസോറാമിലെ ജനങ്ങൾക്ക് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി. 8,071 കോടി രൂപ ചിലവൊഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
സ്വാതന്ത്ര്യം ലഭിച്ച് 78 വർഷം പിന്നിടുമ്പോഴാണു മിസോറം തലസ്ഥാനമായ ഐസ്വാളിൽ റെയിൽവേ എത്തുന്നത്.

52 കിലോമീറ്റർ നീളമുള്ള ബൈറാബി-സൈരാങ് റെയിൽവേ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് വീഡിയോ കോൺഫ്ര നസിലൂടെയാണ് പ്രധാനമന്ത്രി ഉത്ഘാടനം നിർവഹിച്ചത്.
രാജ്യത്തിനും മിസോറാമിലെ ജനങ്ങൾക്കും ചരിത്ര ദിനമെന്നു പ്രധാനമന്ത്രി.ദുഷ്‌കരമായ ഭൂപ്രദേശം ഉൾപ്പെടെ നിരവധി വെല്ലുവിളികളെ മറികടന്ന് റെയിൽ പാത യാഥാർത്ഥ്യമാക്കിയ എഞ്ചിനീയർമാരെയും തൊഴിലാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അസം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവയ്ക്കുശേഷം ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വടക്കുകിഴക്കൻ തലസ്ഥാനമാണ് ഐസ്വാൾ. പാത പ്രവർത്തനക്ഷമമാകുന്നതോടെ ഐസ്വാളിനും അസമിലെ പ്രധാന നഗരമായ സിൽച്ചാറിനും ഇടയിലുള്ള യാത്രാസമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും.
റെയിൽവേയുടെ എൻജിനിയറിങ് വിസ്മയമായി മാറിയ പാതയുടെ പകുതിയിലധികവും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. വൈബ്രേഷനും അറ്റകുറ്റപ്പണികളും കുറയ്ക്കുന്നതിന് തുരങ്കങ്ങൾക്കുള്ളിൽ ബാലസ്റ്റ്‌ലെസ് ട്രാക്കുകളാണ് നിർമിച്ചിരിക്കുന്നത്.






































