നോയിഡ: ഫോൾസ് സീലിംഗിലെ അനക്കം വയറിംഗിലെ തകരാറെന്ന ധാരണയിൽ വീട്ടുകാർ. രാത്രിയിൽ അനക്കം ചീറ്റലിലേക്ക് മാറിയതോടെ ഭയന്നുപോയ വീട്ടുകാർ കണ്ടത്. തലയ്ക്ക് മുകളിൽ ചീറ്റി നിൽക്കുന്ന മൂർഖനെ. 36 മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷം മൂർഖനെ ബാഗിലാക്കി പാമ്പുപിടുത്തക്കാർ.
നോയിഡയിലെ സെക്ടർ 51ലെ ഒരു ഇരുനില വീട്ടിലാണ് ഫോൾസ് സീലിംഗിൽ മൂർഖൻ പാമ്പ് കയറിക്കൂടിയത്. ഫോൾസ് സീലിംഗിലെ ലൈറ്റ് വെന്റിന് സമീപത്ത് എന്തോ നീളമുള്ള വസ്തു വീട്ടുകാർ കണ്ട് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായിരുന്നു. വയറിംഗിലുണ്ടായ എന്തോ തകരാറാണ് ഇതെന്ന ധാരണയിലാണ് വീട്ടുകാർ ഉണ്ടായിരുന്നത്. അതിനാൽ തന്നെ ആദ്യം ഇത് വീട്ടുകാർ അവഗണിക്കുകയായിരുന്നു. എന്നാൽ വൈകാതെ അനക്കമില്ലാതെ കിടന്നിരുന്ന വള്ളി പതിയെ അനങ്ങിത്തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് ചില്ലറ സംശയങ്ങൾ തോന്നിയത്.
പിന്നാലെ തന്നെ ഫോൾസ് സീലിംഗിൽ നിന്ന് മൂർഖന്റെ ചീറ്റൽ അടക്കം കേട്ടുതുടങ്ങിയതോടെ വീട്ടുകാർക്ക് കാര്യം മനസിലായി. വീടിന് മുകളിൽ തലയ്ക്ക് മുകളിൽ നിൽക്കുന്നത് മാരക വിഷമുള്ള പാമ്പ് തന്നെ. ബുധനാഴ്ച വൈകുന്നേരമാണ് ഗൗതം ബുദ്ധ നഗറിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് മൂർഖനെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി മുതലാണ് മൂർഖനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയത്. ഇത് ഫലം കാണാതെ വന്നതോടെ പുതിയ സംഘമെത്തിയാണ് ബുധനാഴ്ച മൂർഖനെ പിടികൂടിയത്. മഴക്കാലത്ത് ജനവാസ മേഖലകളിൽ കാണുന്നയിനം മൂർഖനെയാണ് ഫോൾസ് സീലിംഗിലെ പാനലിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അടുത്തിടെ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിനിടെ സംഭവിച്ചതാകാം ഇതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.
അഞ്ച് അടിയിലേറെ നീളമുള്ള മൂർഖനെയാണ് വീടിനുള്ളിൽ നിന്ന് പിടികൂടിയത്. വനമേഖലയോട് സമീപത്താണ് ഈ വീടും സ്ഥിതി ചെയ്യുന്നത്. മേഖലയിലെ പാമ്പാട്ടിയെ അടക്കം എത്തി മൂർഖനെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് വനംവകുപ്പ് പുതിയ സംഘത്തെ മൂർഖനെ പിടിക്കാൻ ഇറക്കിയത്. എന്തായാലും ഫോൾസ് സീലിംഗ് പൂർണമായി പൊളിക്കാതെ തന്നെ പാമ്പിനെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരുള്ളത്.
































