ന്യൂ ഡെൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ ഒരു വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ബിഹാർ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision – SIR) പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങൾ പറയുന്നു. സിഇഒമാരുമായി നടത്തിയ യോഗത്തിൽ, എപ്പോൾ പുനരവലോകനത്തിന് തയാറാകാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നൽകി.
മൂന്നര മണിക്കൂറിലധികം നീണ്ട ഈ യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു. വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.






































