കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ പിടികൂടാത്തത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയില്‍ അടച്ച് നാട്ടുകാരുടെ പ്രതിഷേധം. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തില്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രതിഷേധക്കെണിയില്‍ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ചൊവ്വാഴ്ച ഗ്രാമവാസികളുടെ രോഷപ്രകടനം.
കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ പ്രദേശത്ത് വനം വകുപ്പ് കെണി സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് പിന്നാലെയായിരുന്നു പ്രദേശത്ത് കൂട് സ്ഥാപിച്ചത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്ത സാഹചര്യത്തിലാണ് ഗ്രാമീണര്‍ പ്രതിഷേധം ശക്തമാക്കിയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിലാനാണ് അധികൃതര്‍ കൂട് സ്ഥാപിച്ചത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കടുവയെ ഉടന്‍ പിടികൂടണമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടായിരുന്നു ഗ്രാമീണര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ തിരിഞ്ഞത്. പ്രദേശത്തേക്ക് എത്തിയ വനം വകുപ്പ് ജീവനക്കാരെ കൂട്ടിലടച്ച് പ്രതിഷേധിക്കുകയും ചെയ്തു. വനംവകുപ്പിന്റെ അവഗണന തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഗ്രാമവാസികള്‍ മുന്നറിയിപ്പ് നല്‍കി.
































