ഇരുമ്പയിര് കയറ്റുമതി കേസിൽ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍; 1.41 കോടി രൂപയും 6.75 കിലോ സ്വർണ്ണവും പിടിച്ചെടുത്തു

Advertisement

ബെംഗളൂരു: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ഇരുമ്പയിര് കയറ്റുമതി കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് പതിമൂന്നാം തിയതി സതീഷുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. നേരത്തെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ എംഎല്‍എ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ആറോളം കേസുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുളളത്.

റെയ്ഡില്‍ 1.41 കോടിയുടെ പണവും 6.75 കിലോയോളം സ്വര്‍ണവുമാണ് എംഎല്‍എയുടെ പക്കല്‍ നിന്നു പിടിച്ചെടുത്തത്.ഇതേ കേസില്‍ നേരത്തെ എംഎല്‍എയെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു. വിധിക്കെതിരെ സതീഷ് സെയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2024 നവംബറില്‍ നടന്ന വാദത്തില്‍ ശിക്ഷാവിധി താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. ജാമ്യം അനുവദിച്ചു പിഴത്തുകയുടെ 25 ശതമാനം കെട്ടിവയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2010ലാണ് എംഎല്‍എക്കെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2009-10 കാലത്ത് കര്‍ണാടകയില്‍ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ചു എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സതീഷ് കൃഷ്ണ സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എട്ട് മാസത്തിനിടെ 7.23 ലക്ഷം ടണ്‍ ഇരുമ്പയിര്
ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്‌തെന്നാണ് സിബിഐ കണ്ടെത്തിയത്.

Advertisement