ന്യൂഡൽഹി: നേപ്പാളിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാല്‍ എംപി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജയശങ്കർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. മലയാളി വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്തിയതായി മന്ത്രി ജോർജ് കുര്യൻ്റെ ഓഫീസ് അറിയിച്ചു. നേപ്പാളിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി ഹെൽപ് ലൈൻ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. +977 – 980 860 2881 +977 – 981 032 6134 ഇന്ത്യക്കാര്‍ക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.
കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ മലയാളികളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് യാത്രമധ്യേ കുടുങ്ങിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്.
അതേസമയം, നേപ്പാളിൽ ജെൻസി പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ച് കാഠ്മണ്ഡു വിട്ടു. നേപ്പാൾ പാർലമെന്റ് മന്ദിരത്തിനും പ്രക്ഷോഭകാരികൾ തീയിട്ടു. കെപി ശര്‍മ ഒലിയുടെ അടക്കം നിരവധി ഉന്നതരുടെ ഔദ്യോഗിക വസതികളും മറ്റും പ്രക്ഷോഭകർ തീയിട്ടിരുന്നു. കാഠ്മണ്ഡു വിമാനത്താവളം അടക്കുകയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ 19 പേരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു






































