രണ്ട് മന്ത്രിമാര്‍ നിരന്തരം ശല്യം ചെയ്യുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി വനിതാ എംഎല്‍എ

Advertisement

പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പുതുച്ചേരി എംഎൽഎ. മുന്‍ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്കയാണ് മന്ത്രിമാർക്കെതിരെ സ്പീർക്കർക്ക് പരാതി നൽകിയത്. ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി. മന്ത്രിമാർ തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും എംഎൽഎയായി പ്രവർത്തിക്കുന്നതിന് ബുദ്ദിമുട്ടുണ്ടാക്കുകയാമെന്നുമാണ് ചന്ദ്ര പ്രിയങ്ക സ്പീക്കർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

സ്പീക്കർക്ക് നൽകിയ പരാതിക്ക് പുറമെ ചന്ദ്ര പ്രിയങ്ക മന്ത്രിമാർക്കെതിരായ ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും വെളിപ്പെടുത്തി. താൻ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയംപരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് ചന്ദ്ര പ്രിയങ്ക നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്നു പ്രിയങ്ക. 2023 ഒക്ടോബറില്‍ പ്രിയങ്ക രാജിവെച്ചിരുന്നു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഇതിന് രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്. പ്രിയങ്കയുടെ ആരോപണങ്ങൾ വലിയ വിവാദമായിരിക്കുകയാണ്.

Advertisement