ന്യൂഡൽഹി: ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരിച്ചറിയൽ രേഖയായി ആധാർ പരിഗണിക്കണമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള 11 തിരിച്ചറിയൽ രേഖയ്ക്ക് പുറമെയാണ് ആധാർ പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. അതേസമയം ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരിച്ചറിയൽ രേഖയായി ആധാർ പരിഗണിക്കണമെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞടുപ്പ് കമ്മീഷൻ ആ അഭിപ്രായം പാലിക്കുന്നില്ലെന്ന് ആർജെഡി ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആധാർ രേഖയായി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകുയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
തുടർന്നാണ് 12-ാമത്തെ തിരിച്ചറിയൽ രേഖയായി ആധാർ കൂടി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. തിരിച്ചറിയൽ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് പരിശോധിക്കാം. രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ അവകാശം ഉണ്ട്. എന്നാൽ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടർ പട്ടികയിൽ തുടരാൻ അവകാശം ഇല്ലെന്നും സുപ്രീംകോടതിവ്യക്തമാക്കി





































