എല്ലാ എൻഡിഎ എംപിമാർക്കും കർശന നിർദേശം: സുരേഷ് ഗോപിയും ഡൽഹിയിലെത്തി; എംപിമാർക്കുള്ള പരിശീലന പരിപാടി ഇന്നും തുടരും

Advertisement

ന്യൂഡൽഹി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഡല്‌ഹിയിൽ തുടരുന്നു. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയിൽ, ഇന്നലെ എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർശന നിർദേശമാണ് ബിജെപി-എൻഡിഎ നേതൃത്വത്തിൽ നിന്ന് എംപിമാർക്ക് ലഭിച്ചിരിക്കുന്നത്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്.

ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയിൽ പങ്കെടുക്കും. തങ്ങളുടെ ലോക്‌സഭാ മണ്ഡലങ്ങളിൽ ടിഫിൻ യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ ബിജെപി എംപിമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലങ്ങളിലെ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഓരോ മാസവും ഇത്തരം യോഗങ്ങൾ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

പാർലമെൻ്റിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും സഭാ സമ്മേളനങ്ങൾക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കാണണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിമിംഗിൻ്റെ പ്രാധാന്യം ഗ്രാമീണ മേഖലകളിലേക്ക് അടക്കം എത്തിക്കാനും ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement