2300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി, മുങ്ങിയത് ദുബായിലേക്ക്, പ്രതിയെ ഇന്ത്യക്ക് കൈമാറി

Advertisement

അഹമ്മദാബാദ്: 2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഹർഷിത് ജെയിനിനെ യുഎഇ, ഇന്ത്യക്ക് കൈമാറി. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഇയാളെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. 2023 മാർച്ചിൽ പോലീസ് റെയ്ഡിനെ തുടർന്ന് ദുബായിലേക്ക് കടന്ന ഇയാളെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അഹമ്മദാബാദിലേക്ക് നാടുകടത്തിയത്.

ദുബായിൽ നിന്ന് അഹമ്മദബാദ് വിമാനത്താവളത്തിലെത്തിച്ച ഇയാളുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.കള്ളപ്പണ ഇടപാട്, നികുതിവെട്ടിപ്പ്, ഓൺലൈൻ ചൂതുകളി തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണ് ഹർഷിത് ബാബുലാൽ ജെയിൻ. ഇന്ത്യയിൽ ക്രമക്കേട് നടത്തി വിദേശത്തേക്ക് രക്ഷപെട്ട കൂടുതൽ പേരെ വരും ദിവസങ്ങളിൽ തിരിച്ചു കൊണ്ടുവരുമെന്ന് സിബിഐ വക്താവ് അറിയിച്ചു.

സൗരഭ് ചന്ദ്രകർ എന്ന മഹാദേവ് ബുക്കിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാതുവെപ്പ് ശൃംഖലയിലെ ഏറ്റവും പുതിയ നേട്ടമാണ് അറസ്റ്റ്. ഹർഷിത് ബാബുലാൽ ജെയിനിനെ ദുബായിൽ വെച്ച് അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 5-ന് ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്തുവെന്ന് സിബിഐയുടെ പത്രക്കുറിപ്പി അറിയിച്ചു. ഗുജറാത്ത് പോലീസ്, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാളെ യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചത്.

Advertisement