കഴിഞ്ഞ ദിവസം മുംബൈ നഗരത്തെ ഭീതിയിലാക്കിയ ബോംബ് ഭീഷണി അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അശ്വിനി കുമാറിനെ(51) ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞ അഞ്ച് വർഷമായി നോയിഡയിലാണ് താമസിക്കുന്നത്. സന്ദേശം ലഭിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പ്രതിയെ മുംബൈ പൊലിസിന് കൈമാറിയിട്ടുണ്ട്. യുവാവിന്‍റെ ഫോണും സിം കാർഡും പൊലീസ് പിടിച്ചെടുത്തു.
മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലാണ് നഗരത്തിൽ 400 കിലോഗ്രാം ആർ.ഡി.എക്സുമായി 34 മനുഷ്യബോംബുകൾ സജ്ജമാണെന്ന ഭീഷണി സന്ദേശമെത്തിയത്. 34 വാഹനങ്ങളിലായി ചാവേറുകൾ, ഒരു കോടി പേരെ കൊല്ലുമെന്നും മുംബൈ നടുങ്ങുമെന്നും 14 പാകിസ്താനി ഭീകരർ രാജ്യത്തേക്ക് കടന്നതായും ലഷ്‍കർ ഇ ജിഹാദി എന്ന സംഘടനയുടേതെന്ന പേരിൽ വന്ന ഭീഷണി സന്ദേശത്തിൽ ഉൾപെട്ടിരുന്നതായി പൊലിസ് വ്യക്തമാക്കിയിരുന്നു.
മുംബൈയിൽ ഗണേശ വിസർജൻ ആഘോഷങ്ങൾക്ക് ഒരു ദിവസം മുമ്പാണ് ഭീകരാക്രമണ ഭീഷണി വന്നത്. ഭീഷണി സന്ദേശത്തെത്തുടർന്ന് വെള്ളിയാഴ്ച നഗരം അതീവ ജാഗ്രതയിലായിരുന്നു. നഗരത്തിലുടനീളം അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാർ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്.ഐ.ആർ പറയുന്നത്. പട്നയിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയിൽ 2023ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മൂന്നു മാസമാണ് ഇയാൾ ജയിലിൽ കിടന്നത്. ഇതിനു പ്രതികാരമായാണ് ഫിറോസിന്റെ പേരിൽ മുംബൈ പൊലീസിന് വാട്സാപ്പിൽ ഭീഷണി സന്ദേശം അയച്ചത്.
അശ്വിനിയുടെ കൈവശം ഏഴ് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, ആറ് മെമ്മറി കാർഡ് ഹോൾഡറുകൾ, ഒരു സിം സ്ലോട്ട് എക്സ്റ്റേണൽ, രണ്ട് ഡിജിറ്റൽ കാർഡുകൾ, നാല് സിം കാർഡ് ഹോൾഡറുകൾ, ഒരു മെമ്മറി കാർഡ് ഹോൾഡർ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
































