അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടന്‍ അജിത്തിൻ്റെ സിനിമയ്‌ക്കെതിരെ ഇളയരാജ കോടതിയില്‍. ഗുഡ് ബാഡ് അഗ്ലി സിനിമക്കെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇളയരാജയുടെ ആവശ്യം. ഗാനങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാനും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞും ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.
ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
































