സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ സെക്സ് റാക്കറ്റിൽ കുടുക്കി നടിയുടെ അനാശാസ്യ കേന്ദ്രം, 41കാരി അറസ്റ്റിൽ

Advertisement

മുംബൈ: സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലെത്തുന്ന യുവതികളെ വശീകരിച്ച് സെക്സ് റാക്കറ്റ് നടത്തിയിരുന്ന 41കാരിയായ നടി അറസ്റ്റിൽ. മുംബൈയിലെ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അനാശാസ്യപ്രവർത്തനം നടത്തിയിരുന്നതിന് അനുഷ്‌ക മോണി മോഹൻ ദാസ് എന്ന യുവനടി അറസ്റ്റിലായത്.

ടിവി സീരിയലുകളിലും ബംഗ്ലാ സിനിമകളിലും സജീവമായ രണ്ട് യുവ നടികളെയാണ് പൊലീസ് ഇവരുടെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തേത്തുടർന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസുകാർ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. മുംബൈ അഹമ്മദാബാദ് ദേശീയപാതയിലെ കശ്മീര മാളിൽ ഇടപാടുകാരെ കാണാനായി ബുധനാഴ്ചയെത്തിയപ്പോഴാണ് യുവ നടി കുടുങ്ങിയത്. യുവതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയപ്പോഴാണ് യുവനടികളെ രക്ഷിക്കാൻ സാധിച്ചതെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് മദൻ ബല്ലാൽ വിശദമാക്കുന്നത്.

മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് 41കാരിയായ നടിയെ അറസ്റ്റ് ചെയ്തത്. അനാശാസ്യ പ്രവർത്തനത്തിനുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സെക്സ് റാക്കറ്റിൽ നിന്ന് രക്ഷിച്ച സ്ത്രീകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും അനാശാസ്യ കേന്ദ്രവുമായി ബന്ധമുള്ള എല്ലാവരെയും പിടികൂടുമെന്നും പൊലീസ് വിശദമാക്കി.

Advertisement