മുംബൈയിൽ വലിയ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. 400 കിലോ ആര്‍ഡിഎക്സുമായി 34 ചാവേറുകള്‍ നഗരത്തിലുണ്ടെന്നാണ് മുംബൈ പൊലീസിന് ലഭിച്ച ഭീഷണി ഫോണ്‍ സന്ദേശം. ട്രാഫിക് പൊലീസ് ഹെല്‍പ്ലൈനിലേക്കാണ് സന്ദേശമെത്തിയത്.
ലഷ്കര്‍–ഇ–ജിഹാദി എന്ന സംഘടനയുടെ പേരില്‍ അനന്ത് ചതുര്‍ദശി ദിവസം വൈകുന്നേരമാണ് സന്ദേശം ലഭിച്ചെതന്നും മുംബൈ പൊലീസ് അറിയിച്ചു. ഇതോടെ മുംബൈയിലെങ്ങും കനത്ത ജാഗ്രതയാണ്. സുരക്ഷയും വര്‍ധിപ്പിച്ചു.
ഒരു കോടി ജനങ്ങളെ കൊന്നൊടുക്കുകയാണ് ലക്ഷ്യമെന്നും ചാവേറുകള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും തടയാമെങ്കില്‍ തടയൂവെന്നുമായിരുന്നു സന്ദേശം. 34 ചാവേറുകള്‍ നഗരത്തിന്‍റെ വിവിധയിടങ്ങളിലുണ്ടെന്നും മുംബൈ നഗരം കിടുങ്ങുമെന്നും ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു.
































