ബംഗളൂരു: ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പാമ്പ് കടിയേറ്റ് മരിച്ചു. ബന്നാര്‍ഘട്ടയിലെ രംഗനാഥ ലേഔട്ടിലെ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് കിടന്നിരുന്ന ചെരുപ്പ് ധരിച്ചപ്പോഴാണ് പാമ്പ് കടിച്ചതെന്ന് സംശയിക്കുന്നു. ചെരുപ്പിനുള്ളില്‍ പാമ്പ് ചുരുണ്ടുകൂടിയിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച വൈകുന്നേരം മഞ്ജു ചെരുപ്പ് ധരിച്ച് പുറത്തിറങ്ങുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം പതിവുപോലെ ഉറങ്ങാന്‍ കിടന്നു എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ ഒരു സുഹൃത്താണ് ചെരുപ്പിനുള്ളില്‍ ചത്ത പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. മഞ്ജുപ്രകാശിനെ ഉണര്‍ത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ല.
‘മണ്ഡല ഹാവു’ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഒരു അണലിയാണ് കാലില്‍ കടിച്ചതെന്നാണ് സംശയം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തെത്തുടര്‍ന്ന് മഞ്ജുവിന്റെ കാലില്‍ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നു. അതിനാലാകാം കടിയേറ്റതിന്റെ വേദന അറിയാതിരുന്നതെന്നും വൈദ്യസഹായം തേടാതിരുന്നതെന്നും കുടുംബം പറയുന്നു.
മഞ്ജുവിന്റെ സുഹൃത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ബന്നാര്‍ഘട്ട പൊലീസ് അറിയിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച കുടുംബത്തിന് കൈമാറി. മഞ്ജുപ്രകാശിന്റെ കാല്‍വിരലില്‍ പാമ്പ് കടിയേറ്റ പാടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക റിപ്പോര്‍ട്ടിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
































