ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ലഖ്‌നൗ നാക ഹിന്ദോള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതി ആര്യന്‍ സിങ് പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ സംസാരിച്ചു വിശ്വാസം നേടിയ ശേഷം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് കുടുംബത്തെ ഉപദ്രവിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനും തുടങ്ങി. ആര്യന്റെ സഹോദരിയോട് കാര്യങ്ങളെല്ലാം തുറന്നുപറയുമെന്നു പറഞ്ഞ പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും മുഴക്കി.
40,000 മുതല്‍ 50,000 രൂപ വരെ പല സമയങ്ങളിലായി പ്രതി പെണ്‍കുട്ടിയില്‍ നിന്നും കൈക്കലാക്കി. ഈ മാസം 29ന് തനിക്ക് 50,000 രൂപ നല്‍കണമെന്നും ബുളളറ്റ് വാങ്ങിക്കണമെന്നും ആര്യന്‍ സിങ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തി. പിന്നാലെ ഇയാളെ പിടികൂടിയ കുടുംബം പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും ഹിന്ദോള പൊലീസ് അറിയിച്ചു
































