ടെലിവിഷന്‍ താരവും നടിയുമായ പ്രിയ മറാത്തെ അന്തരിച്ചു

Advertisement

ടെലിവിഷന്‍ താരവും നടിയുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മറാത്തി സീരിയല്‍ യാ സുഖാനോയയിലൂടെയാണ് പ്രിയ അഭിനയ രംഗത്തെത്തിയത്. ചാര്‍ ദിവസ് സസുചെ എ്‌നന സീരിയലിലും വേഷമിട്ടു. ബാലാജി ടെലിഫിലിംസിന്റെ കസം സേ എന്ന സീരിയലിലൂടെ ഹിന്ദിയിലും തുടക്കം കുറിച്ചു. കോമഡി സര്‍ക്കസിന്റെ ആദ്യ സീസണിലും പ്രത്യക്ഷപ്പെട്ടു.
സീ ടിവിയിലെ പവിത്ര രിഷ്തയിലൂടെയാണ് പ്രിയ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പവിത്ര രിഷ്തയിലെ വര്‍ഷ എന്ന കഥാപാത്രം ഏറെ ജനകീയമായി. ഏക്താ കപൂര്‍ നിര്‍മിച്ച് 2009ല്‍ പുറത്തിറങ്ങിയ പവിത്ര രിഷ്തയില്‍ നടന്‍ സുശാന്ത് സിങ് രജ്പുതാണ് പ്രധാന വേഷത്തിലെത്തിയത്. പിന്നീട് ബഡേ അച്ചേ ലഗ്തേ ഹേ, തു തിത്തേ മേ, ഭാഗേ രേ മാന്‍, ജയസ്തുതേ, ഭാരത് കാ വീര്‍ പുത്ര – മഹാറാണാ പ്രതാപ് തുടങ്ങിയ ഷോകളില്‍ പ്രത്യക്ഷപ്പെട്ടു.

2008ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ഹംനേ ജീന സീഖ് ലിയ’യിലും ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ‘ടി അനി ഇതര്‍’ എന്ന മറാത്തി ചിത്രത്തിലും പ്രിയ അഭിനയിച്ചു. നടന്‍ ശന്തനു മോഗെയാണ് ജീവിതപങ്കാളി.

Advertisement