റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആർസിബി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദുരന്തത്തെ കുറിച്ച് വൈകാരികമായ കുറിപ്പ് ആർസിബി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ആർസിബി കെയേഴ്സ്’ എന്ന പേരിൽ ധനസാഹയം പ്രഖ്യാപിച്ചത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായി ജൂൺ നാലിനാണ് ചിന്നസ്വാമിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ആർസിബി താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ രണ്ടു ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
































