വിവാഹത്തിനൊരുങ്ങിയ നാല് നവവധുക്കളടക്കം ഒമ്പതുപേരടങ്ങിയ തട്ടിപ്പുസംഘം ബിഹാറിൽ പിടിയിൽ

Advertisement

വിവാഹത്തിനൊരുങ്ങിയ നാല് നവവധുക്കളടക്കം ഒമ്പതുപേരടങ്ങിയ തട്ടിപ്പുസംഘം ബിഹാറിൽ പിടിയിൽ. ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നിന്ന് രാജ്യവ്യാപകമായി വിവാഹത്തട്ടിപ്പ് നടത്തി വന്നിരുന്ന സംഘമാണ് ഒടുവിൽ വലയിലായത്.

മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇരകളെ കണ്ടെത്തി വിവാഹം കഴിച്ച് ഏതാനും ദിവസങ്ങൾക്കകം പണവും സ്വർണവുമായി മുങ്ങുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

വരൻമാരെ ആവശ്യമുണ്ടെന്ന രീതിയിലാണ് സംഘം ആളുകളെ സമീപിക്കുക. തുടർന്ന് വിവാഹത്തിന് ആഭരണമടക്കം വ്യവസ്ഥകൾ മുന്നോട്ടുവെക്കും. വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങൾ കുടുംബത്തിനൊപ്പം കഴിഞ്ഞ ശേഷം വിലപിടിപ്പുള്ള വസ്തുക്കളും ആഭരണവും പണവുമായി മുങ്ങുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് വ്യക്തമാക്കി.

ചമ്പാരൻ പൊലീസ് ബെട്ടിയ മൈനത്താണ്ടിൽ നടത്തിയ റെയ്ഡിലാണ് അഞ്ചുപുരുഷൻമാരും നാല് സ്ത്രീകളുമടങ്ങിയ സംഘം പിടിയിലായത്. ഇവരിൽ നിന്ന് കാറും ബൈക്കുകളുമടക്കം മൂന്ന്‍ വാഹനങ്ങളും ഒമ്പത് മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ സംഘം സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായാണ് വിവരമെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്.ഡി.പി.ഒ) പ്രകാശ് സിംഗ് പറഞ്ഞു. പല സംസ്ഥാനങ്ങളിൽ നിന്നും തട്ടിപ്പിനായി ഇവർ യുവതികളെ തെരഞ്ഞെടുത്തിരുന്നു. തട്ടിപ്പിൽ പെടുന്നവർ നാണക്കേട് ഭയന്ന് വിഷയം പുറത്തറിയിക്കാത്തതും പരാതി നൽകാൻ തയ്യാറാവാതിരുന്നതും തട്ടിപ്പ് വ്യാപിപ്പിക്കാൻ ഇവർക്ക് സഹായകമായതായും പ്രകാശ് സിംഗ് വിശദമാക്കി. പിടിയിലായ യുവതികൾ എല്ലാവരും നിയമപരമായി വിവാഹിതരായിരുന്നവരാണെന്നും പൊലീസ് പറഞ്ഞു.

Advertisement