ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ പഞ്ചോളിയേയും സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റിന് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയരും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയമാണ് ഈ തീരുമാനമെടുത്തത്.
ഇരുവരും സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു കഴിഞ്ഞാല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ജഡ്ജിമാരുടെ പൂര്‍ണ അംഗസംഖ്യയോടെ സുപ്രീംകോടതി പ്രവര്‍ത്തിക്കും. 2031 ഒക്ടോബര്‍ 2ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വിരമിച്ചതിന് ശേഷം 2031 ഒക്ടോബറില്‍ ജസ്റ്റിസ് പഞ്ചോളി ചീഫ് ജസ്റ്റിസ് ആകും. 2033 മെയ് 27ന് അദ്ദേഹം വിരമിക്കുകയും ചെയ്യും.
1964 ഏപ്രില്‍ 13ന് ജനിച്ച ജസ്റ്റിസ് ആരാധെ 2009 ഡിസംബര്‍ 29ന് മധ്യപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും 2011 ഫെബ്രുവരി 15ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. ജമ്മുകശ്മീര്‍ ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റിയ അദ്ദേഹം 2016 സെപ്തംബര്‍ 20ന് സത്യപ്രതിജ്ഞ ചെയ്തു. 2018 മെയ് 11ന് ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായി. 2018 ജൂലൈയില്‍ കര്‍ണാടക ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റു. 2022 ഒക്ടോബര്‍ 14 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഈ വര്‍ഷം ജനുവരി 21 നാണ് ജസ്റ്റിസ് ആരാധെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 1988 ജൂലൈ 12 ന് അഭിഭാഷകനായി ജോലി തുടങ്ങിയ അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയില്‍ സിവില്‍, ഭരണഘടനാ, ആര്‍ബിട്രേഷന്‍, കമ്പനി കാര്യങ്ങള്‍ കൈകാര്യം ചെയ്തു. 2007 ഏപ്രിലില്‍ സീനിയര്‍ അഭിഭാഷകനായി നിയമിതനായി.
1968 മെയ് 28 ന് അഹമ്മദാബാദില്‍ ജനിച്ച ജസ്റ്റിസ് പഞ്ചോളി 2014 ഒക്ടോബര്‍ 1 ന് ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 2016 ജൂണ്‍ 10 ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. 2023 ജൂലൈ 24 ന് പട്ന ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വര്‍ഷം ജൂലൈ 21 ന് ജസ്റ്റിസ് പഞ്ചോളി പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 1991 സെപ്റ്റംബറിലാണ് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. ഗുജറാത്ത് ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹം 2006 മാര്‍ച്ച് വരെ ഏഴ് വര്‍ഷം ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 1993 ഡിസംബര്‍ മുതല്‍ 21 വര്‍ഷം അഹമ്മദാബാദിലെ സര്‍ എല്‍ എ ഷാ ലോ കോളജില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
































