മകളെ മടിയിലിരുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികയും മൂന്നര വയസുകാരി മകളും മരിച്ചു. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. മകൾ യശസ്വി സംഭവസ്ഥലത്ത് വെച്ചും അമ്മ സഞ്ജു ബിഷ്ണോയി ശനിയാഴ്ച രാവിലെ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ സ്കൂളില്‍ നിന്നും തിരിച്ചെത്തിയ സഞ്ജു ഒരു കസേരയിലിരുന്ന ശേഷം മകളെയെടുത്ത് മടിയിലിരുത്തി. പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ദാങ്ങിയവാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ സർണദ ഗ്രാമത്തിലുള്ള വീട്ടില്‍വച്ചാണ് അധ്യാപിക ജീവനൊടുക്കിയത്. സംഭവസമയത്ത് ഭര്‍ത്താവോ വീട്ടുകാരോ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചത്. സംഭവസ്ഥലത്തുനിന്നും ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് ആണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ, ഭർത്താവ്, അമ്മായിയമ്മ, അമ്മായിയച്ഛൻ, നാത്തൂൻ എന്നിവർക്കെതിരെ ആരോപണമുണ്ട്. കൂടാതെ ഗണപത് സിങ് എന്നയാൾ പീഡിപ്പിച്ചതായും കുറിപ്പിൽ പറയുന്നു. ഭര്‍ത്താവ് ദിലീപിന്റെ സുഹൃത്താണ് ഗണപത് എന്നാണ് ലഭിക്കുന്ന വിവരം. പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഗണപത് സിങ്ങും ഭർത്താവും ചേർന്ന് സഞ്ജുവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിനു വ്യക്തമാകുന്നത്.
































