പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം പരസ്യപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

Advertisement

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം പരസ്യപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. 1978 ഡൽഹി സർവകലാശാല ആർട്സ് ബിരുദ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളി. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുമെന്ന ഡൽഹി സർവകലാശാലയുടെ വാദം കോടതി അംഗീകരിച്ചു.

2016ലാണ് വിവരാവകാശ പ്രവർത്തകൻ ഡൽഹി സർവകലാശാലയിൽ പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എന്നാൽ സർവകലാശാല വിവരങ്ങൾ നൽകാൻ തയ്യാറായില്ല. തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയും വിവരം പുറത്തുവിടാൻ ഉത്തരവിടുകയുമായിരുന്നു. ഈ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല 2017ലാണ് ഡൽഹിയിൽ ഹൈക്കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങൾ അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട് എന്നായിരുന്നു എതിർഭാഗം വാദം. എന്നാൽ ഇത് സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണെന്നും, ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, രാജ്യത്തെ സർവകലാശാലകൾ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങൾ വിശ്വാസപരമായ നിലയിൽ സൂക്ഷിക്കുന്നവയാണെന്നുമുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങൾ പരിഗണിച്ച്, 2017- ജനുവരിയിൽ കോടതി നീരജ് ശർമ്മയ്ക്ക് നോട്ടീസ് അയക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നരേന്ദ്രമോദി തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്നത്. ഡൽഹി സർവകലാശാലയിൽ നിന്നും ബി എ പൊളിറ്റിക്കൽ സയൻസിൽ ഓണേഴ്സ് ബിരുദം ഉണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം.

Advertisement