‘കാന്താര’യുടെ സെറ്റില്‍ സംഭവിക്കുന്നത് ശാപമോ?; ഷൂട്ടിംഗിനിടെ നാലാമത്തെ മരണം?; ‘കെജിഎഫ്’ താരം ദിനേശ് മംഗളൂരു അന്തരിച്ചു

Advertisement

കന്നഡ സിനിമയില്‍തന്നെ ചരിത്രവിജയം കൊയ്ത സിനിമയാണ് കാന്താര. കാന്താരയുടെ രണ്ടാം ഭാഗം പുറത്തുവരുന്നുവെന്ന വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ അതീന്ദ്രിയ ശക്തികളെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്ന ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭഘട്ടം മുതല്‍ നാളിതുവരെ തുടര്‍ച്ചയായി ദുരന്ത വാഹിനിയായി മാറുകയാണ്. അടിക്കടി മരണങ്ങളും അപകടങ്ങളും സിനിമയ്ക്ക് പിന്നിലുളളവരെ മാത്രമല്ല പൊതുസമൂഹത്തെ പോലും തളര്‍ത്തുന്നു.
സൗപര്‍ണികാ നദിയില്‍ കുളിക്കാന്‍ പോയ ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ മുങ്ങി മരിക്കുന്നു, കന്നഡയിലെ ഒരു ഹാസ്യതാരം ഹൃദയാഘാതം മൂലം മരിക്കുന്നു. മൂന്നാമത് മരിച്ച മലയാളിക്കും ഹൃദയസ്തംഭനമായിരുന്നു. അതിനു മുമ്പും അപകട പരമ്പരകളുടെ കുത്തൊഴുക്കു നടന്നു. 20 പേര്‍ സഞ്ചരിച്ച ഒരു വാന്‍ അപകടത്തില്‍ പെടുന്നു. നായകന്‍ ഉള്‍പ്പെടെ സഞ്ചരിച്ച ബോട്ട് മറിയുന്നു. അതിനിടയില്‍ ഷൂട്ട് നടക്കുന്ന ഗ്രാമവാസികളും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നു.
മൂന്ന് മരണങ്ങള്‍ക്കൊപ്പം നിരവധി അപകടങ്ങളും സംഘര്‍ഷങ്ങളും. ഏറ്റവും ഒടുവില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ബോട്ട് മറിഞ്ഞ് നായകന്‍ ഋഷഭ് ഷെട്ടി ഉള്‍പ്പെടെയുളള താരങ്ങളും സാങ്കേതിക വിദഗ്ധരും ക്യാമറകളും അടക്കം വെളളത്തിലായി. നദിയില്‍ ആഴം കുറഞ്ഞതുകൊണ്ട് മാത്രം ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു. ഒടുവില്‍ ദാ ഇപ്പോള്‍ അടുത്ത മരണവും. സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആര്‍ട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു ( 55 ) മരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാര്‍ട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സ തുടരുകയായിരുന്നു നടന്‍. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും തലച്ചോറില്‍ ഹെമറേജ് ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ജനുവരിയില്‍ തുടങ്ങിയ ഈ സിനിമയുടെ ഷൂട്ടിങ് ആറ് മാസമായിട്ടും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ സംഭവിച്ച മരണങ്ങളും നിരവധി അപകടങ്ങളും സംബന്ധിച്ച് റവന്യൂ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.

Advertisement