യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം, ഭർത്താവും കുടുംബവും അറസ്റ്റിൽ

Advertisement

നോയിഡ. ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കുടുംബവും അറസ്റ്റിൽ. സ്ത്രീധനത്തിന്റെ പേരിൽ കൊടിയപീഡനമാണ് കൊല്ലപ്പെട്ട നിക്കി അനുഭവിച്ചിരുന്നതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. തന്റെ മുന്നിലിട്ടാണ് അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് അമ്മയെ തീകൊളുത്തിയതെന്ന് നിക്കിയുടെ ഇളയമകനും പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ സിർസയിൽ താമസിക്കുന്ന നിക്കിയെ ഭർത്താവ് വിപിൻ ഭാട്ടിയും ഭർതൃമാതാപിതാക്കളും ചേർന്ന് ആണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.

ഓഗസ്റ്റ് 21-നായിരുന്നു സംഭവം. ഇതേ കുടുംബത്തിലേക്ക് വിവാഹംചെയ്ത നിക്കിയുടെ സഹോദരി കാഞ്ചന്റെയും ഇളയമകന്റെയും കണ്മുന്നിൽവെച്ചായിരുന്നു ക്രൂരത. സ്ത്രീധനം ആവശ്യപ്പെട്ടാണ് വിപിനും ഭർതൃമാതാപിതാക്കളും നിക്കിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവദിവസം നിക്കിയെ ക്രൂരമായി മർദിച്ച പ്രതികൾ ഇതിനുപിന്നാലെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ദേഹത്താകെ തീപടർന്ന് നിക്കി പ്രാണരക്ഷാർഥം വീട്ടിലെ പടികളിറങ്ങി ഓടുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിക്കിയെ ഓഗസ്റ്റ് 21-ന് ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഇവിടെനിന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisement