സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. നിക്കി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്.
തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം
മറ്റൊരു വിഡിയോയിലും കാണാം. തുടർന്ന് ഒരു സ്ത്രീ നിക്കിയുടെ ദേഹത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിക്കിയുടെ ദേഹത്ത് എന്തോ ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നെന്ന് നിക്കിയുടെ മകൻ പറഞ്ഞു. 2016-ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയതായി നിക്കിയുടെ സഹോദരി കാഞ്ചൻ പറഞ്ഞു.
36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

































