മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നിൽ നായ സ്നേഹം

Advertisement

ന്യൂഡെല്‍ഹി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമാണെന്ന് നിഗമനത്തിലേക്ക് അന്വേഷണ സംഘം . ഡൽഹിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാൻ കോടതി ഉത്തരവിട്ടതാകാം പ്രതിയെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം. പ്രതി രാജേഷ് കിംജി കള്ളക്കടത്ത്, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷാ ചുമതലയിൽ നിന്ന് ഡൽഹി പോലീസിനെ നീക്കി .
രാജ്കോട്ട് സ്വദേശിയായ രാജേഷ് കിംജിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ആക്രമണ കാരണം
പ്രതിയുടെ തെരുവ് നായ സ്നേഹം എന്ന നിഗമനത്തിലേക്ക് എത്തിയത്. ആഴ്ചകൾക്ക് മുമ്പാണ് ഡൽഹിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് രാജേഷിന് മനോ വിഷമമുണ്ടാക്കിയിരുന്നതായി മാതാവ് മൊഴി നൽകിയിരുന്നു. തെരുവിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി രാജ്കോട്ടിൽ രാജേഷ് കഴിഞ്ഞ വർഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗുജറാത്തിനകത്തും, പുറത്തും സമാനമായ പരിപാടികളും നടത്തി. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് പിന്നാലെ കുരങ്ങന്മാരെ ഒഴിപ്പിക്കാതിരിക്കാൻ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥിച്ചെന്നും ഭക്ഷണം നൽകിയെന്നും പ്രതി മൊഴി നൽകി.

കള്ളക്കടത്ത്, വധശ്രമം ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ ഔദ്യോഗിക വസതിയിൽ നടന്നത് ഗുരുതര സുരക്ഷ വീഴ്ചയെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സംഭവം തടയുന്നതിലും പ്രതികരിക്കുന്നതിലും ഡൽഹി പൊലീസിന് വീഴ്ച പറ്റിയതായും
റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തുടർന്നാണ് രേഖ ഗുപ്തക്ക് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. സിആർപിഎഫിനാകും സുരക്ഷ ചുമതല. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Advertisement