മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും

Advertisement

അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അര്‍ജന്‍റീന നായകന്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.


ഗോട്ട് ടൂർ ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും സതാദ്രു ദത്ത പറഞ്ഞു. ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, റൊണാള്‍ഡീഞ്ഞോ, അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരവും ഗോള്‍ കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെ മുമ്പ് കൊല്‍ക്കത്തയില്‍ എത്തിച്ചത് സതാദ്രു ദത്ത ആണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു. അതേസമയം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ത്യയിൽ കളിക്കാൻ എത്തും എന്നാണ് കരുതുന്നത്. എഎഫ്സി ചാംപ്യൻസ് ലീഗ് 2 വിൽ ഇന്ത്യയിൽനിന്ന് എഫ്സി ഗോവയും സൗദി അറേബ്യയിൽനിന്ന് റൊണാൾഡോയുടെ അൽ– നസ്റും ഒരു ഗ്രൂപ്പിൽ വന്നതോടെയാണ് ക്രിസ്റ്റ്യാനോ ഇന്ത്യയിൽ കളിക്കാൻ സാധ്യത തെളിഞ്ഞത്. 

Advertisement