ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ വന്‍ മേഘവിസ്‌ഫോടനത്തില്‍ തീര്‍ഥാടകരായ 40 പേര്‍ മരിച്ചു. 200-ലേറെപ്പേരെ കാണാനില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തില്‍ അനുശോചിച്ചു. ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.
ഹിമാലയന്‍ തീര്‍ഥാടന കേന്ദ്രമായ മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും. ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തിലും മുന്നൂറോളം തീര്‍ഥാടകര്‍ ഒഴുകിപ്പോയി.
തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കേണ്ട രണ്ട് സിഐഎസ്എഫ് ജവാന്‍മാരും മരിച്ചു. രണ്ടുപേരെ കാണാനില്ല. സൈന്യവും പൊലീസും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ളത്. കിഷ്ത്വാറിന് പിന്നാലെ പഹല്‍ഗാമിലും ഗണ്ഡര്‍ബാല്‍ എന്നിവിടങ്ങളിലും മേഘവിസ്‌ഫോടനമുണ്ടായി. ഹിമാചല്‍ പ്രദേശിലെ നാല് ജില്ലകളിലും പ്രളയസമാന സാഹചര്യമാണ്. കനത്ത മഴയില്‍ കിന്നൗറിലെ റിഷി ദോഗ്രിയില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ക്യാംപ് ഒഴുകിപ്പോയി.
ഡല്‍ഹി, കല്‍ക്കാജിയില്‍ മഴയെ തുടര്‍ന്ന് മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു കാറും ഭാഗികമായി തകര്‍ന്നു. ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.
































