വാടക ഗ‍ർഭധാരണമെന്ന പേരിൽ വൻ ചതി, ഹൈദരബാദിലെ ദമ്പതികൾക്ക് കിട്ടിയത് അസമീസ് കുട്ടി, പിന്നിൽ വൻ റാക്കറ്റ്, ഡോക്ടർമാർ അറസ്റ്റിൽ

Advertisement

ഹൈദരബാദ്: വ‍‍ർഷങ്ങളുടെ കാത്തിരിപ്പിന് ശേഷവും കുട്ടികൾ ഉണ്ടാവാതെ വന്നതിന് പിന്നാലെ വാടക ഗ‍ർഭധാരണത്തിന് വിധേയരായ ദമ്പതികൾക്ക് ലഭിച്ചത് ജനിതകമായി ബന്ധമില്ലാത്ത കുഞ്ഞ്. ഹൈദരബാദിലെ പ്രമുഖ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. കഴിഞ്ഞ ആഴ്ചയാണ് ഹൈദരബാദിലെ യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെൻററിലെ ഡോ നമ്രതയ്ക്കും സഹായികൾക്കും എതിരെ എട്ട് എഫ്ഐആറുകൾ കൂടിയാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

ജൂലൈ 27നാണ് ഡോ നമ്രതയെ വഞ്ചനാ കേസിൽ അറസ്റ്റ് ചെയ്തത്. വാടക ഗ‍‍ർഭധാരണത്തിലൂടെ തങ്ങൾക്ക് ലഭിച്ച കുഞ്ഞിന് മാതാപിതാക്കളുമായി ജനിതകപരമായി യാതൊരു ബന്ധമില്ലെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ വ്യക്തമായതിന് പിന്നാലെ ദമ്പതികൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ഹൈദരബാദുകാരായ ദമ്പതികൾക്ക് വന്ധ്യതാ ക്ലിനിക്കിൽ നിന്ന് വാടക ഗ‍ർഭധാരണത്തിലൂടെ നൽകിയത് അസം സ്വദേശികളുടെ കുഞ്ഞിനെ ആയിരുന്നു. 30 ലക്ഷം രൂപയിലേറെയാണ് വാടക ഗ‍ർഭധാരണത്തിനായി വന്ധ്യത ക്ലിനിക് ഹൈദരബാദുകാരായ ദമ്പതികളിൽ നിന്ന് ഈടാക്കിയത്.

കുഞ്ഞിനെ ഗ‍‍ർഭം ധരിച്ച സ്ത്രീയ്ക്ക് വാടക ഗർ‍ഭധാരണത്തിനായി 80000 രൂപയാണ് ക്ലിനിക് നൽകിയത്. ഹൈദരബാദ് നോർത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ എസ് രശ്മി പെരുമാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എട്ട് എഫ്ഐആർ കൂടി സമാനമായ സംഭവത്തിൽ രജിസ്റ്റർ ചെയ്തതായാണ് ഡിസിപി രശ്മി പെരുമാൾ മാധ്യമ പ്രവ‍ർത്തകരോട് വിശദമാക്കുന്നത്. വാടക ഗർഭധാരണം സംബന്ധിയായ തട്ടിപ്പിൽ ഇതിനോടകം 25 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഡിഎൻഎ പൂ‍ർണമായി വിഭിന്നമായതിന് പിന്നാലെയാണ് ദമ്പതികൾ പൊലീസിൽ പരാതിപ്പെട്ടത്. ജൂലൈ ആദ്യവാരത്തിൽ വിശാഖപട്ടണത്ത് വച്ചാണ് പെൺകുട്ടിയെ വന്ധ്യത ക്ലിനിക്ക് കൈമാറിയത്. ഡിഎൻഎ വിഭിന്നമാണെന്ന് വ്യക്തമായതിന് പിന്നാലെ ക്ലിനിക്കുമായി ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറയുന്നത്. മറ്റൊരു സംഭവത്തിൽ വാടക ഗ‍ർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞ് മരണപ്പെട്ടതായി വിശദമാക്കി കുഞ്ഞിന്റെ മൃതദേഹം കാണിച്ച ശേഷം 15 ലക്ഷം ഈടാക്കിയെന്നും പരാതിക്കാ‍ർ ആരോപിക്കുന്നു. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലിനിക്കിന് സെക്കന്തരാബാദിലും വിശാഖപട്ടണത്തും ബ്രാഞ്ചുകൾ ഉണ്ട്.

പത്ത് ലക്ഷം മുതൽ 20 ലക്ഷം വരെ പണം നൽകിയ ശേഷം അടുത്ത മാസം കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുന്ന ദമ്പതികളും ക്ലിനിക്കിനെതിരെ പരാതി നൽകിയിട്ടുണ്ട്. നിരവധി നഗരങ്ങളിലായി വാടക ഗ‍ർഭധാരണ തട്ടിപ്പിൽ നിരവധി ആളുകൾ ഉൾപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. ദമ്പതികളിൽ നിന്ന് പണം വാങ്ങിയ ശേഷം ഭ്രൂണകൈമാറ്റം നടന്നതായും വിശദമാക്കുകയും പിന്നീട് അൾട്രാ സൗണ്ട് സ്കാൻ ചിത്രങ്ങൾ അയച്ച് നൽകുന്നതുമാണ് ക്ലിനിക്കിന്റെ രീതി. പ്രസവ സമയം അടുക്കുമ്പോഴേയ്ക്കും ഏജന്റുമാരുടെ സഹായത്തോടെ വിവിധ സാഹചര്യങ്ങളിൽ അനാവശ്യ ഗർഭധാരണം നടത്തേണ്ടി വന്ന യുവതികളെ സ്വാധീനിച്ച് പണം നൽകി ഇവരുടെ വന്ധ്യത ക്ലിനിക്കിൽ എത്തിക്കുന്നു. ഇത്തരത്തിൽ ജനിതക പരമായി ഒരു ബന്ധവും ഇല്ലാത്ത കുഞ്ഞിനെ ലക്ഷങ്ങൾ വാങ്ങിയ ശേഷം ദമ്പതികൾക്ക് നൽകുന്നതായിരുന്നു വന്ധ്യതാ ക്ലിനിക്കിന്റെ തട്ടിപ്പ്.

ആൺകുഞ്ഞിന് 4.5 ലക്ഷം രൂപയും പെൺകുഞ്ഞിന് 3.5 ലക്ഷം രൂപയുമാണ് ഏജന്റുമാ‍ർക്ക് ക്ലിനിക്കിൽ നിന്ന് നൽകിയിരുന്നത്. സ്ത്രീകൾ അടക്കമുള്ളവ‍ർ ഇത്തരത്തിൽ ക്ലിനിക്കിനായി ഏജന്റുമാരായി പ്രവ‍ർത്തിക്കുന്നുണ്ട്. ആസൂത്രിത കുറ്റകൃത്യത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ക്ലിനിക്കിലെ അനസ്തീഷ്യ വിദഗ്ധനും സർക്കാർ ആശുപത്രിയിലെ അനസ്തീഷ്യ വിദഗ്ധനുമായ ഡോ. സദാനന്ദം, ശിശുരോഗ വിദഗ്ധയായ ഡോ വിദ്യുലത എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Advertisement