ബംഗളുരു. ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്പോട്ട് 13 ലെ പരിശോധനയിൽ അനിശ്ചിതത്വം. ഗ്രൗണ്ട് പെനാട്രേറ്റിങ് റഡാറിൽ കിട്ടിയ സിഗ്നലിന്റെ താഴ്ചയിൽ പരിശോധന നടത്താൻ ആയില്ല. 8 അടി കുഴിച്ചപ്പോൾ വെള്ളം കണ്ടതിനെ തുടർന്ന് തെരച്ചിൽ തടസപ്പെട്ടു. നാളെ ഇവിടെ പരിശോധനയുണ്ടാകില്ലെന്ന് സൂചന.
സ്പോട്ട് നമ്പർ 13.. ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഏറ്റവും നിർണായകമായി വിലയിരുത്തപ്പെടുന്ന സ്പോട്ട്.. നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന് താൻ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന് സാക്ഷി പറഞ്ഞ സ്ഥലം.. വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് പൊക്കി റോഡ് നിർമിച്ചതോടെയാണ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറിന്റെ സഹായത്തോടെ ഇവിടെ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ തന്നെ പരിശോധന ആരംഭിച്ചു. 15 അടിയോളം താഴ്ചയിൽ നിന്ന് സിഗ്നൽ ലഭിച്ചു. 2 ജെസിബി ഉപയോഗിച്ച് കുഴിച്ചു തുടങ്ങി. എന്നാൽ 8 അടി എത്തിയപ്പോഴേക്കും വെള്ളം കണ്ടു. ചെക്ക് ഡാമിനോട് ചേർന്ന പ്രദേശം ആയതിനാൽ വെള്ളം വറ്റിക്കാൻ ആകില്ല. കുറച്ചുകൂടി കുഴിച്ച ശേഷം ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു. ഇനി ഏത് തരത്തിൽ ഇവിടെ തെരച്ചിൽ നടത്തും എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ആദ്യ ഘട്ടത്തിൽ അന്വേഷണസംഘം മാർക്ക് ചെയ്ത 13 സ്പോട്ടുകളും ഇതോടെ കഴിഞ്ഞു. മറ്റ് 3 ഇടങ്ങളിലും ഇതിനിടയിൽ പരിശോധന നടത്തിയിരുന്നു.
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയാകും. വിഷയം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകുമെന്ന് സ്പീക്കർ യു ടി ഖാദർ വ്യക്തമാക്കിയിരുന്നു. അന്വേഷണപുരോഗതി ആഭ്യന്തര മന്ത്രി വ്യക്തമാക്കണം എന്നാണ് ബിജെപി യുടെ പ്രധാന ആവശ്യം. അതിനിടെ കോൺഗ്രസ് എംഎൽഎ മാരുടെ യോഗത്തിലും ധർമസ്ഥല ചർച്ചയായി. 13 സ്പോട്ടിലും പരിശോധന നടത്തിയ ശേഷം കുഴിച്ചു പരിശോധന അവസാനിപ്പിക്കണമോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ യോഗത്തിൽ പറഞ്ഞു. പതിമൂന്നാം സ്പോട്ടിലെ ഇന്നലത്തെ പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല.






































