തന്റെ ഫോണിലേക്ക് വിരാട് കോലിയും എ.ബി.ഡിവില്ലിയേഴ്സും രജദ് പട്ടിദാറുമൊക്കെ വിളിച്ചതിന്റെ ഞെട്ടലിൽ ആണ് ഛത്തിസ്ഗഡിലെ ഗരിയാബാദ് സ്വദേശി മനീഷ്. ജൂണ്‍ 28 മുതലാണ് വിരാട് കോലിയടക്കമുള്ളവരുടെ ഫോണ്‍ കോളുകള്‍ മനീഷിനെ തേടി എത്താന്‍ തുടങ്ങിയത്. കാരണമറിഞ്ഞ മനീഷ് തന്നെ ഞെട്ടി.
നാട്ടിലെ കടയില്‍ നിന്നും പുതിയ ജിയോ സിം എടുത്തതേ മനീഷിന് ഓര്‍മയുള്ളൂ. പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ. പുതിയ ഫോണില്‍ വാട്സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വരെ മനീഷിന്‍റെ ഫോണിലേക്ക് ക്രിക്കറ്റ് താരങ്ങളുടെ വിളി തുടര്‍ന്നു. വാട്സാപ്പില്‍ മനീഷിന്‍റെ ചിത്രത്തിന് പകരം തെളിഞ്ഞത് രജത് പട്ടിദാറിന്‍റെ ചിത്രം!
വിരാട് കോലിയും എ.ബി.ഡിവില്ലിയേഴ്സുമെല്ലാം വിളിക്കാന്‍ തുടങ്ങിയത് കണ്ട് ആരെങ്കിലും പറ്റിക്കുകയാകും എന്നാണ് മനീഷ് കരുതിയത്. ഇതോടെ വിളിക്കുന്ന താരങ്ങളോട് നിങ്ങള്‍ കോലിയാണെങ്കില്‍ ഞാന്‍ ധോണിയാണെന്ന് പറഞ്ഞ് മനീഷും ഫോണ്‍ വച്ചു. അങ്ങനെയിരിക്കെയാണ് ജൂലൈ 15ന് മനീഷിന് രജത് പട്ടിദാറിന്‍റെ കോള്‍ വന്നത്. ‘ഭായ് ഞാന്‍ രജത് പട്ടിദാറാണ്. നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സിം എന്‍റെ പേരിലുള്ളതാണ്. അത് മടക്കിത്തരാമോ?’ എന്നായിരുന്നു ചോദ്യം. മനീഷ് വിശ്വസിക്കാതെ വന്നതോടെ പട്ടിദാര്‍ ക്ഷമാപൂര്‍വം കാര്യങ്ങള്‍ വിശദീകരിച്ചു. ഈ നമ്പര്‍ തനിക്കത്രയും പ്രധാനപ്പെട്ടതാണെന്നും കോച്ചുമാെയും കൂട്ടുകാരെയും ക്രിക്കറ്റര്‍മാരായ സുഹൃത്തുക്കളെയും ബന്ധപ്പെടുന്നത് ഈ നമ്പര്‍ വഴിയാണെന്നും പട്ടിദാര്‍ വിശദീകരിച്ചു. സിം തിരികെ തന്നില്ലെങ്കില്‍ തനിക്ക് പൊലീസില്‍ അറിയിക്കേണ്ടി വരുമെന്നും പട്ടിദാര്‍ വ്യക്തമാക്കി. പത്തുമിനിറ്റിനുള്ളില്‍ മനീഷിന്‍റെ വീട്ടിലേക്ക് പൊലീസെത്തി. സംഭവം സത്യമാണെന്ന് മനസിലായതോടെ മനീഷ് സിം പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് വന്നെങ്കിലെന്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നില്ലേയെന്ന സന്തോഷത്തിലാണ് മനീഷ്. കടുത്ത വിരാട് കോലി ഫാനായ മനീഷ് തന്‍റെ ജീവിതാഭിലാഷം പൂര്‍ണമായി എന്നും വിശദീകരിച്ചു. നാട്ടുകാര്‍ ഇപ്പോള്‍ കളിയാക്കുന്നുണ്ടെങ്കിലും രജത് പട്ടിദാര്‍ ഒരിക്കല്‍ കൂടി വിളിക്കുമായിരിക്കുമെന്നും, ഇക്കുറി നന്ദി പറയാകും വിളിയെന്നും പ്രതീക്ഷിക്കുകയാണ് മനീഷ്. 90 ദിവസമായിട്ടും ഉപയോഗിക്കാതിരിക്കുന്ന സിം കാര്‍ഡുകള്‍ മൊബൈല്‍ കമ്പനികള്‍ റീസൈക്കിള്‍ ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്യപ്പെട്ട പട്ടിദാറിന്‍റെ നമ്പറാണ് മനീഷിന് കിട്ടിയത്.
































