ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ മുൻ ശുചീകരണതൊഴിലാളിക്ക് പിന്തുണയുമായി കൂടുതൽ സാക്ഷികൾ. മൃതദേഹങ്ങൾ മറവ് ചെയ്യുന്നത് തങ്ങൾ കണ്ടുവെന്ന് അവകാശപ്പെട്ട് ആറ് പേർ എസ്ഐടിയെ സമീപിച്ചു. ഇന്ന് മണ്ണ് മാറ്റി പരിശോധന നടത്തിയ പുതിയ സ്പോട്ടിൽ നിന്ന് ഒന്നും കണ്ടെത്താൻ ആയില്ല.
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻമേലുള്ള ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെയാണ് പുതിയ സാക്ഷികൾ രംഗത്ത് എത്തുന്നത്.
ശുചീകരണ തൊഴിലാളി പലപ്പോഴായി മൃതദേഹം കുഴിച്ചിടുന്നത് തങ്ങൾ കണ്ടുവെന്നാണ് പുതിയ സാക്ഷികൾ പറയുന്നത്. എസ്ഐടിക്കൊപ്പം ചേർന്ന് അസ്ഥികൾ കണ്ടെത്താൻ സഹായിക്കാമെന്നും ഇവർ പറയുന്നു. എന്നാൽ പൂർണമായും ഇവരുടെ മൊഴി എടുത്ത ശേഷമാകും പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
പതിമൂന്നാം സ്പോട്ടലായിരുന്നു ഇന്ന് പരിശോധനനടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ രാവിലെ ഡിജിപി പ്രണബ് മോഹന്തിയുടെ നേതൃത്വത്തിൽ ചേർന്ന എസ്ഐടി യോഗത്തിന് ശേഷം ഈ തീരുമാനം മാറ്റി. കഴിഞ്ഞദിവസം അസ്ഥികൾ കണ്ടെത്തിയ പതിനൊന്നാം സ്പോർട്ടിന് സമീപമുള്ള പുതിയ സ്പോട്ട് കുഴിച്ചു പരിശോധിക്കാൻ തീരുമാനിച്ചു. മൂന്ന് മണിക്കൂറോളം നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.





































