ഗൈനക്കോളജിസ്റ്റ് എന്ന വ്യാജന ഗര്‍ഭിണികളെ പരിശോധിക്കുകയും അന്‍പതോളം ഗര്‍ഭിണികളുടെ പ്രസവ ശസ്ത്രക്രിയ നടത്തുകയും ചെയ്ത വ്യാജ ഡോക്ടറെ അസം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ അസമിലെ ബറാക് വാലി സ്വദേശിയായ പുലക് മലാകര്‍ ആണ് അറസ്റ്റിലായത്. ആശുപത്രിയിലെ ഗ്രേഡ് നാല് ജീവനക്കാരനായിരുന്നു മലാകറെന്നും പിന്നീട് പണം തട്ടുന്നതിനായി വ്യാജ എംബിബിഎസ് ബിരുദം സംഘടിപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പ്രതിയെ ആറു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒഡീഷ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായതിന്‍റെ രേഖ വ്യാജമായി മലാകര്‍ ചമച്ചുവെന്നും സ്ഥിരീകരിച്ചു.
വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് 2016 ല്‍ സ്വന്തമാക്കിയ മലാകര്‍ ഇതുപയോഗിച്ച് സില്‍ചറിലെ ശിവ സുന്ദരി നാരീ ശിക്ഷാശ്രം ആശുപത്രിയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് പിടി വീണത്. വന്‍ തുക നല്‍കിയാണ് താന്‍ സര്‍ട്ടിഫിക്കറ്റ് നേടിയതെന്ന് മലാകര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മുതിര്‍ന്ന ഒരു ഡോക്ടറാണ് മലാകറെ ആശുപത്രിയിലേക്ക് നിര്‍ദേശിച്ചതെന്നും അതുകൊണ്ടാണ് ജോലി നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മലാകര്‍ ഒരിക്കലും തനിയെ പ്രസവ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും ചില സമയത്ത് പ്രധാന ഡോക്ടറെ സഹായിച്ചിട്ടുണ്ടെന്നും മാനേജ്മെന്‍റ് വിശദീകരിക്കുന്നു. ഒരു മാസം മുന്‍പ് മലാകറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം നടത്തിയെന്നും പൊലീസ് നടപടികളുമായി സഹകരിക്കുമെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.
































