ചികിത്സിക്കാൻ പണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എച്ച്ഐവി പോസിറ്റീവായ 6 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് 43 വയസ്സുകാരി ആറു മാസം പ്രായമുള്ള മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ ചികിത്സിക്കാനും, പാൽ വാങ്ങി നൽകാൻ പോലും തന്റെ കയ്യിൽ പണമില്ലെന്നും, അതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി, മറ്റൊരു സ്ത്രീയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ്, കുട്ടിയെ തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു തവണ വിവാഹിതയായ സ്ത്രീ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മയും എച്ച്ഐവി ബാധിതയാണ്.
































