ബിലാസ്പൂർ: ഛത്തീസ്ഗഢില്‍ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തു തുറങ്കിലടച്ച കന്യാസ്ത്രീകള്‍ ജയിൽ മോചിതരായി.
ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ച് ജാമ്യം നൽകിയത്.
ഒൻപത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവർ വൈകിട്ട് 4 മണിയോടെയാണ് പുറത്തിറങ്ങിയത്.ജയിലിന് പുറത്തെത്തിയ കന്യാസ്ത്രീകളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. എം പിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വരവേല്പ് നൽകിയത്.
പ്രോസിക്യൂഷന്‍റെ എതിർപ്പ് മറികടന്നാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ ബോണ്ടിനൊപ്പം രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്പോർട്ട് കോടതിയില്‍ ഹാജരാക്കണം. ബിലാസ്പൂർ ജില്ലാ പ്രിൻസിപ്പള്‍ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്.
ജാമ്യം ലഭിച്ച വാർത്ത ഇരുവരുടെയും കുടുംബങ്ങള്‍ സന്തോഷ കണ്ണീരോടെയാണ് സ്വീകരിച്ചത്. കേരളം മുതല്‍ ഛത്തീസ്ഗഢ് വരെ തങ്ങള്‍ക്ക് പിന്തുണയുമായി പോരാട്ടം നടത്തിയ എല്ലാവർക്കും ഇരുവരുടെയും കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. ജാമ്യം ലഭിച്ചാലും എഫ്‌ഐആര്‍ റദ്ദാക്കുകയും, സർക്കാർ മാപ്പുപറയുന്നത് വരെയും പോരാട്ടം തുടരുമെന്ന് ഇടത് എംപിമാര്‍ പ്രതികരിച്ചു.
ജൂലൈ 25 നാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് പോകാന്‍ രണ്ടു പെണ്‍കുട്ടികളുമായി ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ എത്തിയ കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചത്.






































