ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസ്സുകാരിയെ 40 വയസ്സുകാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവം വലിയ വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രദേശവാസികളും സാമൂഹ്യപ്രവർത്തകരും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തതോടെയാണ് അധികൃതർ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്. സംഭവത്തിൽ, വരൻ, വിവാഹത്തിന് നേതൃത്വം നൽകിയ പുരോഹിതൻ, ഇടനിലക്കാരൻ, വരന്റെ ഭാര്യ എന്നിവരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ സ്കൂളിലെ അധ്യാപകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹൈദരാബാദിന് സമീപമുള്ള നന്ദിഗമയിൽ നടന്ന ഈ ശൈശവ വിവാഹത്തിന്റെ ദൃശ്യങ്ങൾ വലിയ ഞെട്ടലാണ് ഉളവാക്കിയത്. നിയമവിരുദ്ധമായ ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
































