ന്യൂഡെല്‍ഹി. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെയും ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചയിൽ ഓപ്പറേഷൻ സിന്ദൂരിൽ ചോദ്യങ്ങളുന്നയിച്ച പ്രതിപക്ഷത്തെ ആഭ്യന്തര മന്ത്രി രൂക്ഷമായി വിമർശിച്ചു. കടന്ന് അക്രമിച്ച പ്രിയങ്ക ഗാന്ധി, സുരക്ഷാ വീഴ്ചയിൽ കേന്ദ്രം മൗനം പാലിക്കുന്നു എന്ന് പ്രിയങ്ക. നേട്ടങ്ങളുടെ ക്രെഡിറ്റ് മാത്രമല്ല വീഴ്ചകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് പ്രിയങ്ക.
ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ടത് പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരർ തന്നെയെന്നതിന് വ്യക്തമായ തെളിവ് ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അറിയിച്ചു.ഭീകരരിൽ നിന്നും തിരിച്ചറിയൽ രേഖകളും, പാക്ക് നിർമ്മിത ചോക്ലേറ്റുകളും കണ്ടെടുത്തു,
പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണ്, സുലൈമാൻ അടക്കമുള്ള ഭീകരരിൽ നിന്നും കണ്ടെടുത്തതെന്ന ബാലിസ്റ്റിക് റിപ്പോർട്ടും ആഭ്യന്തരമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു.
ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് ചോദ്യം ചെയ്ത പി ചിദംബരത്തെയും, അഖിലേഷ് യാദവിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. മുൻ കോൺഗ്രസ് സർക്കാറുകളുടെ വീഴ്ചകളും ആഭ്യന്തരമന്ത്രി എണ്ണി പറഞ്ഞു.
പഹൽ ഗാമിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് വിമർശിച്ച പ്രിയങ്ക ഗാന്ധി, വീഴ്ചയുടെ ഉത്തരവാദിത്വം ചോദ്യമാണ് ഉന്നയിച്ചത്. ക്രെഡിറ്റ് എടുത്താൽ മാത്രം പോരാ ഉത്തരവാദിത്വവും ഏൽക്കണം എന്ന് പ്രിയങ്ക.
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച കാര്യവും പ്രിയങ്ക ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് വെടിനിർത്തൽ പ്രഖ്യാപിച്ചു എന്നതിൽ സർക്കാർ മൗനം പാലിക്കുന്നുഎന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക പഹൽഗാമിൽ കൊല്ലപ്പെട്ട, 25 ഇന്ത്യക്കാരുടെയും പേരുകൾ വായിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.






































