ദുർഗ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ ദുർഗ് മജിസ്‌ട്രേട്ട് കോടതി തള്ളി. കന്യാസ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധത്തിനൊടുവിൽ കന്യാസ്ത്രീകളെ യുഡിഎഫ് എംപിമാർ കണ്ടു. ഇടത് പ്രതിനിധി സംഘത്തിന് സമയം വൈകിയെന്ന കാരണത്താൽ അനുമതി നിഷേധിച്ചു. ബിജെപി പ്രതിനിധി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ജയിലിൽ എത്തി കന്യാസ്ത്രീകളെയും സന്ദർശിച്ചു.
വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാൻസീസും സി. പ്രീതി മേരിയും ജയിലിൽ തുടരും. മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം
കന്യാസ്ത്രീകളെ കാണാൻ അനുമതി നിഷേധിച്ചതോടെ ജയിൽ കവാടത്തിനു മുൻപിൽ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം.
ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാൻ രണ്ടുമണിയോടെ അനുമതി നൽകി. എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, റോജി എം.ജോൺ, സി. പ്രീതിയുടെ സഹോദരൻ ബൈജു എന്നിവർ കന്യാസ്ത്രീകളെ കണ്ടു.
സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജുവിന്റെ പ്രതികരണം വൈകാരികമായിരുന്നു
പിന്നാലെയാണ് ഇടത് പ്രതിനിധി സംഘം ജയിൽ വളപ്പിൽ എത്തിയത്. സമയം വൈകിയെന്ന കാരണത്താൽ സന്ദർശനാനുമതി നൽകില്ലെന്ന് ജയിൽ സൂപ്രണ്ട്. പിന്നാലെ വാക്ക് തർക്കം
ഒടുവിൽ നാളെ രാവിലെ 9 മണിക്ക് അനുമതി നൽകാമെന്ന് അറിയിച്ചതോടെ ഇടത് സംഘം മടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശർമയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂർവവും പ്രതീക്ഷാപരവുമായ നടപടികൾ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡിൽ തുടരുമെന്നും അനൂപ് ആന്റണി.
ജയിലിൽ എത്തി കന്യാസ്ത്രീകളെയും അനൂപ് ആന്റണി കണ്ടു.
Home News Breaking News ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ ദുർഗ് മജിസ്‌ട്രേട്ട് കോടതി തള്ളി





































