കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

Advertisement

റായ്പൂര്‍. മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പെൺകുട്ടികളുടെ സുരക്ഷാസംബന്ധിച്ച കാര്യം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരം എന്ന്
വിഷ്ണു ദേവ് സായി. നിർബന്ധിത മത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വലിയ വിവാദമായതോടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
പെൺകുട്ടികളെ എത്തിച്ചത് നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ്.
പ്രലോഭിച്ച് മതം മാറ്റാൻ ശ്രമം നടത്തിയിരുന്നു.
വിഷയം സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കാര്യമാണെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബജ്രംഗദളും തമ്മിൽ ഗൂഢാലോചന നടത്തി എന്നാണ് കോൺഗ്രസിന്റെ മറുപടി.

അതിനിടെ കന്യാസ്ത്രീകൾക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിർബന്ധ മതപരിവർത്തന നിരോധന നിയമം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയത്.
പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നു കന്യാസ്ത്രീകളുടെ ലക്ഷ്യമെന്ന് എഫ്ഐആറിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള കന്യസ്ത്രീകൾ ദുർഗ് സെൻട്രൽ ജയിലിൽ ആണ് ഉള്ളത്. . യുവതികളുടെയും മാതാപിതാക്കളുടെയും മൊഴി വിവരങ്ങൾ പരിശോധിച്ച ശേഷം ജാമ്യ അപേക്ഷ നൽകിയാൽ മതി എന്നാണ് സഭയുടെ തീരുമാനം.
സർക്കാർ സംരക്ഷണയിൽ കഴിയുന്ന യുവതികളെ മാതാപിതാക്കൾക്കൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് പോലീസ് തിരിച്ചയയ്ക്കും. വെള്ളിയാഴ്ച ആണ് നാരായണ്പൂരിൽ നിന്ന് ആഗ്രയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ കന്യാസ്സ്ത്രീകളെ ബജരംഗദൾ പ്രവർത്തകർ തടഞ്ഞു വച്ചു പോലീസിനെ ഏല്പിച്ചത്.

Advertisement