അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എതിരെ ഗുരുതരവകുപ്പുകള്‍,ജാമ്യമെടുക്കേണ്ടെന്ന് തീരുമാനം

Advertisement

ദുര്‍ഗ്. നിർബന്ധിത മത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതി മേരി , വന്ദന ഫ്രാൻസിസ് എന്നിവരെ കൂടാതെ പെൺകുട്ടികളുടെ സഹോദരനെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. അതേസമയം ഇന്ന് ജാമ്യപേക്ഷ നൽകേണ്ട എന്നാണ് സഭയുടെ തീരുമാനം.

റെയിൽവേ പോലീസിന്റെ പരാതിയിലാണ് കന്യാസ്ത്രീകൾക്കെതിരെ പോലീസ് കേസ് എടുത്തത്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം, മനുഷ്യ കടത്തു എന്നീ കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയത്. ഇവരെ കൂടാതെ പെൺകുട്ടികൾക്ക് ഒപ്പം വന്ന സഹോദരനെയും പോലീസ് മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ട്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നു കന്യാസ്ത്രീകളുടെ ലക്ഷ്യമെന്ന് എഫ്ഐആറിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള കന്യാസ്ത്രീകൾ ദുർഗ് സെൻട്രൽ ജയിലിൽ ആണ് ഉള്ളത്. കന്യാസ്സ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിൽ ഒരാൾ കന്യാസ്സ്ത്രീകൾക്ക് എതിരെ മൊഴി നൽകിയിട്ടുണ്ട്. ഇത് ബജറങ്ദൾ പ്രവർത്തകരുടെ ഭീഷണിയെ തുടർന്നെന്നാണ് സഭ ആരോപിക്കുന്നത്.

ജാമ്യാപേക്ഷ ഇന്ന് നൽകേണ്ട എന്നാണ് സഭ പ്രതിനിധികളുടെ തീരുമാനം. യുവതികളുടെയും മാതാപിതാക്കളുടെയും മൊഴി വിവരങ്ങൾ പരിശോധിച്ച ശേഷം ജാമ്യ അപേക്ഷ നൽകിയാൽ മതി എന്നാണ് സന്യാസി സമൂഹത്തിന്റെ തീരുമാനം. സർക്കാർ സംരക്ഷണയിൽ കഴിയുന്ന യുവതികളെ മാതാപിതാക്കൾക്കൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് പോലീസ് തിരിച്ചയയ്ക്കും
വെള്ളിയാഴ്ച ആണ് നാരായണ്പൂരിൽ നിന്ന് ആഗ്രയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ കന്യാസ്സ്ത്രീകളെ ബജരംഗദൾ പ്രവർത്തകർ തടഞ്ഞു വച്ചു പോലീസിനെ ഏല്പിച്ചത്.

Advertisement