ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്‌മുഖിന്… സമ്മാനമായി ലഭിക്കുക ലക്ഷങ്ങൾ

Advertisement

ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ കിരീട നേട്ടത്തോടെ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖ്. ജോർജിയയിലെ ബാത്തുമിയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ (1.5-0.5) തോൽപ്പിച്ചാണ് നാഗ്പുർ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.


നേരത്തേ ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.


ടൂർണമെന്റി വിജയിച്ച ദിവ്യയ്ക്ക് 50,000 യുഎസ് ഡോളർ (ഏകദേശം 43 ലക്ഷം രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഹംപി, ദ്രോണവല്ലി ഹരിക, ആർ. വൈശാലി എന്നിവർക്കു ശേഷം ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ. വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ജു വെൻജുനെ ആരാണ് നേരിടേണ്ടതെന്ന് തീരുമാനിക്കുന്ന അടുത്ത വർഷത്തെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ ദിവ്യ സ്വന്തമാക്കി.

Advertisement