ആശമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിമാസം 3,500 രൂപ ഇന്‍സന്‍റീവ് നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി പ്രതാപ് റാവു ജാദവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ ലോക്സഭയില്‍ അറിയിച്ചു. ആശാവര്‍ക്കർമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‍കരിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മികവിന്‍റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ക്ക് പ്രത്യേക ഇന്‍സന്‍റീവ് നല്‍കുന്നുണ്ട്. ഇന്‍സന്‍റീവുകള്‍ 2025 മാര്‍ച്ച് നാലിന് ചേര്‍ന്ന മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് മീറ്റിങ്ങില്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്‍സന്റീവ് ലഭിക്കാനുള്ള ഉപാധികളും പുതുക്കി. 10 വര്‍ഷത്തെ സേവനത്തിനു ശേഷം പിരിയുന്നവര്‍ക്കുള്ള ആനുകൂല്യം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി.
കേരളത്തില്‍ സമരം ചെയ്യുന്ന ആശമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണിത്. ആശാ വര്‍ക്കർമാരുടെ വേതനവും സേവന വ്യവസ്ഥകളും ഉള്‍പ്പെടെ ആരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിലെ ഇൻസെന്റീവിന്റെ വിശദാംശങ്ങളും മന്ത്രി കൈമാറി.
































