ആരെങ്കിലും ഒന്ന് രക്ഷിക്കൂ…മീ ടു ആരോപണം നടത്തിയ ബോളിവുഡ് താരം തനുശ്രീയുടെ പൊട്ടി കരയുന്ന വീഡിയോ

Advertisement

വീട്ടിലെ ഉപദ്രവം സഹിക്കവയ്യാത്ത സ്ഥിതിയാണെന്ന് ബോളിവുഡ് താരം തനുശ്രീദത്ത.
വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും ഒന്ന് രക്ഷിക്കുമോ എന്നും ചോദിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടു ള്ള തനുശ്രീയുടെ വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടു വെളിപ്പെടുത്തലുകള്‍ നടത്തിയാണ് തനുശ്രീ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്. വീടിനുള്ളില്‍ താന്‍ കൊടും പീഡനം അനുഭവിക്കുന്നുവെന്നും കഴിഞ്ഞ അഞ്ചുവര്‍ഷമായി കണ്ണീര്‍ തോര്‍ന്നിട്ടില്ലെന്നും തനുശ്രീ പറയുന്നു. 
താന്‍ പൊലീസിനെ വിളിച്ചുവെന്നും അവര്‍ വീട്ടിലേക്ക് എത്തി, ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ കണ്ണീരോടെ വിഡിയോയില്‍ പറയുന്നു. സഹിച്ച് മതിയായി എന്നും ആരോഗ്യം വരെ ഇക്കാരണത്താല്‍ ക്ഷയിച്ചെന്നും തനുശ്രീ വ്യക്തമാക്കുന്നു. വീട്ടില്‍ തനിക്കായി സഹായികളെ പോലും വയ്ക്കാനാകുന്നില്ല. വീട് ആകെ അലങ്കോലമാണ്. ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികളാണ് വീട്ടില്‍ നില്‍ക്കുന്നത്. അവരാകട്ടെ തന്‍റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുകയാണ്.  കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ പോലും ആളുകള്‍ വന്ന് മുട്ടുകയാണ്… മടുത്തുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറിച്ചു.
2018 ല്‍ താന്‍ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് തനിക്ക് നേരെ കുടുംബാംഗങ്ങള്‍ തിരിഞ്ഞതെന്നും അവര്‍ വിഡിയോയില്‍ പറയുന്നു. വൈകിപ്പോകുന്നതിന് മുന്‍പ് ആരെങ്കിലും എന്തെങ്കിലും ചെയ്യുമോയെന്നും അവര്‍ ചോദിക്കുന്നു. 

‘ഹോണ്‍ ഓക്കെ പ്ലീസ്’ എന്ന ചിത്രത്തിലെ പാട്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ നടന്‍ നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു 2018 ല്‍ തനുശ്രീയുടെ വെളിപ്പെടുത്തല്‍. നാന പടേക്കര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. നാന പടേക്കര്‍ക്ക് പുറമെ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരങ് എന്നിവരെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപിങിനും വിധേയരാക്കണമെന്നും സത്യം പുറത്തുവരുമെന്നുമായിരുന്നു തനുശ്രീയുടെ അഭിഭാഷകന്‍ ഓഷീവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

Advertisement