ന്യൂഡെൽഹി. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ചേരാൻ ഇരിക്കെ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും.പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി, പ്രതിപക്ഷത്തിന്റെ സഹകരണം തേടാനാണ് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു യോഗം വിളിച്ചത്. രാവിലെ 11 മണിക്കാണ് കക്ഷി നേതാക്കളുടെ യോഗം ചേരുക. വർഷകാല സമ്മേളനത്തിൽ നിരവധി സുപ്രധാന ബില്ലുകൾ പാസ്സാക്കാൻ സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്.രാജ്യത്തെ ഭൂ-പൈതൃക സ്ഥലങ്ങളും പുരാതന ഭൗമശാസ്ത്ര അവശിഷ്ടങ്ങളും സംരക്ഷിക്കുന്നതിനുള്ള ഭൂ-പൈതൃക ഭൂ-അവശിഷ്ട ബില്ല്,കായിക സംഘടനകളുടെ ഭരണത്തിൽ പരിഷ്കാരങ്ങൾ ഉദ്ദേശിച്ചുള്ള ദേശീയ കായിക ഭരണ ബില്ല്, ഖനി -ധാതുഭേദഗതി ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ബിൽ, മണിപ്പൂർ ചരക്ക് സേവന നികുതി ബിൽ തുടങ്ങിയ ബില്ലുകൾ ആണ് പരിഗണന യിൽ ഉള്ളത്. യോഗശേഷം പാർലമെന്ററി കാര്യമന്ത്രി മാധ്യമങ്ങളെ കാണും.അതേസമയം പ്രതിപക്ഷത്തിന്റെ നയ സമീപനങ്ങൾ തീരുമാനിക്കാനായി ഇന്ത്യസഖ്യം കഴിഞ്ഞദിവസം ഓൺലൈനിൽ യോഗം ചേർന്നിരുന്നു.