ആദ്യപാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന് 7,110 കോടി രൂപയുടെ അറ്റാദായം, രേഖപ്പെടുത്തിയത് 25 ശതമാനം വര്‍ധന

95
Advertisement

കൊച്ചി/ന്യൂ ഡല്‍ഹി: ആദ്യപാദത്തില്‍ മികച്ച പ്രകടനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ്. 25 ശതമാനം വര്‍ധനവോടെ 7110 കോടി രൂപയുടെ അറ്റാദായമാണ് ജൂണ്‍പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് നേടിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം, ഡിജിറ്റല്‍ ബിസിനസ് വിഭാഗമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനം 41,054 കോടി രൂപയായി ഉയര്‍ന്നു. 19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ടെലികോം ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ വരിക്കാരുടെ എണ്ണത്തിലുണ്ടായ മികച്ച വര്‍ധനയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം കൂടുന്നതിലേക്ക് വഴിവെച്ചത്. ആദ്യപാദത്തില്‍ ജിയോ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു. 200 ദശലക്ഷം 5ജി വരിക്കാരെന്ന സുപ്രധാനമായ നാഴികക്കല്ല് ജിയോ പിന്നിട്ടു. ഹോം കണക്റ്റ് സേവനങ്ങള്‍ 20 മില്യണിലേക്ക് എത്തി.

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സഡ് വയര്‍ലെസ് അക്‌സസ് സര്‍വീസ് സേവനദാതാവായി ജിയോ എയര്‍ഫൈബര്‍ മാറി. 7.4 മില്യണ്‍ വരിക്കാരാണ് ഈ സേവനത്തിനുള്ളത്. ഞങ്ങളുടെ ഡിജിറ്റല്‍ സേവന ബിസിനസുകള്‍ മികച്ച സാമ്പത്തിക, പ്രവര്‍ത്തന പ്രകടനങ്ങളിലൂടെ വിപണിയിലെ മേധാവിത്തം തുടരുകയാണ്–മുകേഷ് അംബാനി പറഞ്ഞു.

അതേസമയം പ്രതി ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം മാര്‍ച്ച് പാദത്തിലെ 206.2 രൂപയില്‍ നിന്ന് ജൂണ്‍ പാദത്തില്‍ 208.8 രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ജൂണ്‍പാദത്തില്‍ ഇത് 181.7 രൂപയായിരുന്നു.

സമാനതകളില്ലാത്ത ടെക്‌നോളജി അടിസ്ഥാനസൗകര്യം ഒരുക്കുന്ന പ്രക്രിയ ജിയോ തുടരുകയാണ്. 5ജി, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് മേഖലകളിലെ മേധാവിത്തം തുടരുകയാണ് ജിയോ. രാജ്യത്തെ എഐ സ്വാംശീകരണ മുന്നേറ്റത്തിലെ നിര്‍ണായക സ്വാധീനമായി ജിയോ മാറും–റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാനായ ആകാഷ് അംബാനി പറഞ്ഞു.

Advertisement