മുംബൈയിൽ നിന്ന് ആഗ്രയിലെത്തിയ കുടുംബം വൃദ്ധനെ കെട്ടിയിട്ട് താജ് മഹൽ കാണാൻ പോയി മകനും കുടുംബവും. ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യാഴാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസായിരുന്നു. പക്ഷാഘാതം ബാധിച്ച 80 വയസുള്ള ഒരു വൃദ്ധനോടൊപ്പമാണ് കുടുംബം മുംബൈയിൽ നിന്ന് ആഗ്രയിലേക്ക് കാറോടിച്ചെത്തിയത്. കുടുംബാംഗങ്ങൾ വൃദ്ധനെ കാർസീറ്റിൽ കെട്ടിയിട്ട് ജനാലകൾ അടച്ചിട്ടാണ് പുറത്തേക്ക് പോയത്.
പാർക്കിങ് ഗ്രൗണ്ടിൽ അസാധാരണമായ രീതിയിൽ കിടക്കുന്ന കാർ കണ്ട് സെക്യൂരിറ്റി ഗാർഡ് അടുത്തെത്തിയപ്പോഴാണ് കൈയും കാലും കെട്ടിയ നിലയിൽ വൃദ്ധനെ അത്യാസന്നനിലയിൽ കണ്ടത്. കാർ പാർക്ക് ചെയ്തത് നല്ല വെയിലത്തായിരുന്നു. മാത്രമല്ല, സഹായത്തിനാണെങ്കിൽ അടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. വൃദ്ധന്‍റെ അവസ്ഥ കണ്ട് ഗാർഡ് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു.
കാറിന്‍റെ ജനൽ ചില്ലുകൾ തകർത്താണ് വാതിൽ തുറന്നാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. കാർ സീറ്റിൽ ഇദ്ദേഹത്തെ തുണി കൊണ്ട് കെട്ടിയിട്ടാണ് കുടുംബം പോയത്. പക്ഷാഘാതം ബാധിച്ചതിനാൽ ചലന ശേഷി നഷ്ടപ്പെട്ട ടിണ്ടലെയെ ആളുകൾ പുറത്തെത്തിച്ചു. പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ സിദ്ധേശ്വർ ടിണ്ടലെ കുടുംബത്തോടോപ്പം താജ് മഹൽ സന്ദർശിക്കാൻ എത്തിയപ്പോഴാണ് പിതാവായ ഹരിഓം ടിണ്ടലെയെ കാറിനകത്ത് കെട്ടിയിട്ടതെന്ന് പൊലീസ് കമീഷണർ പറഞ്ഞു. ആർക്കും പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ കേസൊന്നും ഇതുവരെ എടുത്തിട്ടില്ല. സിദ്ധേശ്വർ ടിണ്ടലെയോടൊപ്പം പിതാവിനെ പറഞ്ഞയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ പൊലീസ് അന്വേഷിച്ചുവരികയാണ്.
































