ചെന്നൈ.സിനിമാചിത്രീകരണത്തിനിടെയുണ്ടായ കാർ അപകടത്തിൽ പ്രശസ്ത സ്റ്റൻഡ് മാസ്റ്റർ മോഹൻ രാജിന് ദാരുണാന്ത്യം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവൻ എന്ന സിനിമയുടെ കാർ സ്റ്റൻഡ് ചിത്രീകരണത്തിനിടെയായിരുന്നു അപകടം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ രാവിലെ നാഗപട്ടണത്തെ സിനിമാ സെറ്റിൽ വച്ചായിരുന്നു അപകടം. മോഹൻരാജ് ഓടിച്ചിരുന്നകാർ റാമ്പിലൂടെ ഉയർന്നുപൊങ്ങി ലാൻഡ് ചെയ്യുന്നതായിരുന്നു ഷോട്ട്. എന്നാൽ ലാൻഡ് ചെയ്യുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി. മോഹൻരാജ് കാറിൽ നിന്ന് പുറത്തേക്ക് വരാതായതോടെ ക്രൂവിലെ അംഗങ്ങൾ ഓടിയെത്തിയപ്പോഴാണ് അപകടമുണ്ടായതായി വ്യക്തമായത്. കാറിൽ കുടുങ്ങിയ മോഹൻരാജിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ വിവരം. നടൻ വിഷാൽ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.