കർണ്ണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. താൻ ഒരു കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തുകയായിരുന്നു.
ഡോക്ടർ ഇയാൾക്ക് മരുന്നു കൊടുത്തെങ്കിലും വയറുവേദന രൂക്ഷമായി. ഇതോടെ പ്രതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറിനുള്ളിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയത്. ജൂൺ 24 നാണ് താൻ ഒരു ചെറിയ കല്ല് വിഴുങ്ങിയെന്നും വയറ് വേദനയാണെന്നും പറഞ്ഞ് ദൌലത്ത് ഖാൻ ഡോക്ടറുടെ അടുത്തെത്തിയത്. ശിവമോഗ സെൻട്രൽ ജയിൽ ജയിൽ സൂപ്രണ്ട് പി രംഗനാഥ് ചില ഗുളികകൾ നൽകിയെങ്കിലും വേദന മാറിയില്ല. ഇതോടെയാണ് ജൂൺ 27 ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
തുടർന്നാണ് ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള ഒരു ചൈനീസ് മൊബൈൽ ഫോൺ ഇയാളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത്. ജയിലിനുള്ളിലേക്ക് ഫോൺ കടത്തിക്കൊണ്ടുവന്ന ഇയാൾ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം. പിടിക്കപ്പെടുമെന്ന് ഭയന്ന് പരിശോധനയ്ക്കിടെ വിഴുങ്ങി. വയറു വേദന എടുത്തതോടെ കല്ല് വിഴുങ്ങിയെന്ന് കള്ളം പറയുകയായിരുന്നു. പല തവണ ഇയാൾ മൊഴി മാറ്റി പറഞ്ഞതോടെയാണ് സ്കാൻ ചെയ്യുകയും പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജയിലിലേക്ക് ഫോൺ കടത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തുട്ടുണ്ട്